വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി രണ്ട് സമിതികള്‍ രൂപീകരിച്ചു.
പ്രാദേശിക സമിതിയാണ് ആദ്യം പട്ടിക തയാറാക്കുക. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ നല്കിയ പരാതി പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്വീകരിക്കും. ഇതിന് ശേഷം വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, അതാത് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന സമിതി ഇത് പരിശോധിച്ച് പട്ടിക തയാറാക്കി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും.
ഇത് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമായ ശിപാര്‍ശയോടെ സംസ്ഥാന തല സമിതിക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും റവന്യൂ, തദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് സംസ്ഥാന തല സമിതി.
ഇവര്‍ പട്ടിക പരിശോധിച്ച് സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിക്കുന്നതോടെ കാണാതായവരെ മരിച്ചവരായി കണക്കാക്കി ആശ്രിതര്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം.