പരിസ്ഥിതിലോല മേഖല: കേരളത്തിന്റെ ശുപാര്‍ശയില്‍ വ്യക്തത തേടി കേന്ദ്രം; മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പായി കേരളം സമര്‍പ്പിച്ച ശുപാര്‍ശയില്‍ വ്യക്തത തേടി കേന്ദ്രം. 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററിലേക്ക് കേരളത്തിലെ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പരിമിതപ്പെടുത്തണമെന്നാണ് കേരളം സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഉള്ളത്. ഇതിലെ ചില നിര്‍ദേശങ്ങളിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തത തേടിയത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 23 ന് അയച്ച വിശദീകരണക്കത്തിന് കേരള സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസിനെ ലോക്സഭയില്‍ മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുതുക്കി വരികയാണ്. അന്തിമ വിജ്ഞാപനത്തിലേക്ക് ഏത് നിമിഷവും കടക്കാമെന്നിരിക്കെ, കേന്ദ്രം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരളം മറുപടി നല്‍കാന്‍ വൈകുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കിയാല്‍ മലയോരമേഖലയില്‍ ഉള്ളവര്‍ പ്രതിസന്ധിയിലാകും. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി വിജ്ഞാപനം ചെയ്യാനാവശ്യപ്പെട്ടുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര മേഖലയില്‍ വന്‍പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്നാണ് ജനവാസമേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പിന്നീട് പരാതികളുള്‍പ്പെടെ പരിശോധിച്ചാണ് 98 വില്ലേജുകളില്‍ മാത്രമായി പരിസ്ഥിതിലോലമേഖല പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് കേരളം കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

വിശദീകരണം തേടിയത് എട്ട് നിര്‍ദേശങ്ങളില്‍

1. ആറളം, വയനാട്, മലബാര്‍, പീച്ചി-വാഴാനി, പറമ്പിക്കുളം, ശെന്തുരുണി, കുറിഞ്ഞിമല വന്യജീവി സങ്കേതങ്ങള്‍, ആനമുടി ചോല തുടങ്ങിയ വനസംരക്ഷണ മേഖലകളില്‍ ഉള്‍പ്പെട്ട വില്ലേജുകളെ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിലെ യുക്തി. ഒപ്പം, ബഫര്‍സോണ്‍ പരിധിയില്‍പ്പെട്ട 10 സംരക്ഷിത വനമേഖലകളെയും ഇ.എസ്.എ. പരിധിയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം.

2. വനസംരക്ഷണമേഖലാ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ബഫര്‍സോണ്‍ ആയി കണക്കാക്കണമെന്ന് 2006 ലെ സുപ്രീം കോടതി വിധിയുണ്ട്. അത്തരം മേഖലകളെ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ടതെന്തിന്.

3. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനപരിധിയില്‍പ്പെട്ട പൂപ്പാറ, ശാന്തന്‍പാറ വില്ലേജുകളെ ഇ.എസ്.എ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിന് ന്യായീകരണം.

4. ഇടുക്കി ഏലമലക്കാടുകളിലെ മൂന്നാറിനും കുമളിക്കുമിടയില്‍പ്പെടുന്ന വില്ലേജുകളെ ഒഴിവാക്കിയതിന്റെ യുക്തി. ദക്ഷിണ-ഉത്തര മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരിസ്ഥിതിലോല വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കുന്നതാകും ഈ സമീപനം.

5. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള പെരിയാറിന്റെയും മറ്റ് നദികളുടെയും വൃഷ്ടി പ്രദേശങ്ങള്‍ ഒഴിവാക്കിയതിന്റെ കാരണം.

6. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ വില്ലേജുകള്‍ ഒഴിവാക്കിയതിന് കാരണം. സമീപകാലത്തെ മുണ്ടക്കൈ, ചൂരല്‍ മല ഉരുള്‍പൊട്ടല്‍ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള ഭൂപ്രദേശങ്ങളായ വയനാട്ടിലെ പെരിയ, തൊണ്ടര്‍നാട്, അച്ചൂര്‍ണം വില്ലേജുകള്‍ ഒഴിവാക്കിയതെന്തുകൊണ്ട്.

7. നിര്‍ദിഷ്ട പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലെ വില്ലേജുകള്‍ ഒഴിവാക്കിയതിന്റെ യുക്തി. വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍പ്പെട്ട വില്ലേജുകള്‍ ഒഴിവാക്കിയതെന്തിന്.

8. കൃഷിക്ക് നിയന്ത്രണമില്ലെന്നിരിക്കെ, കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ കാരണം

You might also like