ഇന്ത്യയിലേക്ക് വെന്റിലേറ്ററുകളും PPE കിറ്റുകളും ഉൾപ്പെടെയുള്ള സഹായങ്ങളുമായുള്ള വിമാനം സിഡ്‌നിയിൽ നിന്ന് പുറപ്പെട്ടു.
സിഡ്‌നി : കൊവിഡ് ബാധ ക്രമാതീതമായി കുതിച്ചുയരുന്ന ഇന്ത്യക്ക് സഹായമെത്തിക്കുമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും, വെന്റിലേറ്ററുകളും PPE കിറ്റുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങിയ ആദ്യ പാക്കേജാണ് സർക്കാർ ബുധനാഴ്ച അയച്ചിരിക്കുന്നത്. 1056 നോൺ-ഇൻവേസീവ് വെന്റിലേറ്ററുകളും, 43 ഓക്സിജൻ കോൺസൻട്രേറ്ററുകളും ഉൾപ്പെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുമായി സിഡ്‌നിയിൽ നിന്ന് ക്വാണ്ടസിന്റെ ചാർട്ടർ വിമാനം രാവിലെ പുറപ്പെട്ടു.
ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഓസ്‌ട്രേലിയയുടെ നല്ല സുഹൃത്തുക്കളായ ഇന്ത്യയിലുള്ളവർക്ക് സഹായം എത്തിക്കാൻ ഓസ്ട്രേലിയ മുൻപോട്ടു വന്നിരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോറിസന്റെ പോസ്റ്റ്.
ഇന്ത്യയിലെത്തുന്ന ഇവ ഇന്ത്യൻ റെഡ് ക്രോസ്സിനും പ്രാദേശിക അധികൃതർക്കും കൈമാറും. ഇവരാകും ഇത് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് അടിയന്തരമായി കൂടുതൽ സഹായം എത്തിക്കാൻ സംസ്ഥാന-ടെറിട്ടറി സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ആഗോളതലത്തിൽ വാക്‌സിൻ വിതരണം ചെയ്യാൻ മുൻപന്തിയിൽ നിന്ന് ഇന്ത്യ പ്രവർത്തിച്ചിട്ടുണ്ടെന്നും, ഈ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും വിദേശകാര്യ മന്ത്രി മരിസ പൈൻ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ജനതയും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന കാര്യം മനസിലാക്കുന്നുവെന്നും പൈൻ പറഞ്ഞു.കൊവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടിയിരുന്നു.