ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി IPL കമന്റേറ്റർ മൈക്കൽ സ്ലേറ്റർ
ക്യാൻബറ : ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ യാത്രാ നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം ഇന്നലെ പുലർച്ചെ മുതലാണ് നിലവിൽ വന്നത്.
മേയ് 15 വരെയാണ് ഓസ്ട്രേലിയൻ പൗരൻമാർക്ക് ഉൾപ്പെടെ ഈ നിരോധനം.
ഇന്ത്യയിൽ നിന്ന് തിരിച്ചെത്താൻ ശ്രമിച്ചാൽ അഞ്ചു വർഷം വരെ തടവും, 66,000 ഡോളർ പിഴയും നൽകാമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ കനത്ത വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് തുടരുന്നത്. ഇപ്പോൾ ഇന്ത്യയിലുള്ള മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്റർ, പ്രധാനമന്ത്രി സ്കോട്ട് മോറിസനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. സർക്കാരിന്റേത് അപമാനകരമായ പ്രഖ്യാപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു, പ്രധാനമന്ത്രീ. ഞങ്ങളോട് ഇങ്ങനെ പെരുമാറാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു?
സ്വന്തം പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് കരുതലുള്ള സർക്കാരാണെങ്കിൽ, അവരെ തിരിച്ചെത്താൻ അനുവദിക്കുകയാണ് വേണ്ടതെന്ന് മൈക്കൽ സ്ലേറ്റർ പറഞ്ഞു. IPL കമന്റേറ്ററായാണ് സ്ലേറ്റർ ഇന്ത്യയിലെത്തിയത്. നേരത്തേ വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച ശേഷം IPLലെ രണ്ട് ഓസ്ട്രേലിയൻ താരങ്ങൾ നിയമത്തിലെ പഴുത് ഉപയോഗിച്ച് തിരിച്ചെത്തിയിരുന്നു. എന്നാൽ മൈക്കൽ സ്ലേറ്ററുടെ പ്രസ്താവന “അസംബന്ധ”മാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനങ്ങളെ “സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ്” സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്താൻ ശ്രമിക്കുന്നതിന്റെ പേരിൽ ആരെങ്കിലും ജയിലിൽ ആകാനുള്ള സാധ്യത വിരളമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൈവസുരക്ഷാ നിയമത്തിൽ ഒരു വർഷം മുമ്പ് വന്ന ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഇതുവരെയും ആരും ജയിലിൽ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഓസ്ട്രേലിയക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഒരു വ്യവസ്ഥയാണ് ഇത്”.
മേയ് 15 വരെയുള്ള താൽക്കാലിക നടപടി മാത്രമാണ് ഇതെന്നും, ഹോട്ടൽ ക്വാറന്റൈൻ സംവിധാനം കൂടുതൽ ശക്തമാക്കിക്കൊണ്ട് വിമാനസർവീസുകൾ വീണ്ടും തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഈ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ആരെയും ജയിലിൽ അടയ്ക്കില്ല എന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. അപ്പോൾ മാധ്യമങ്ങളുടെ തലക്കെട്ട് കിട്ടാൻ വേണ്ടി മാത്രമായിരുന്നോ ഈ വ്യവസ്ഥ പ്രഖ്യാപിച്ചത് – സെനറ്റിലെ ലേബർ നേതാവ് പെന്നി വോംഗ് ചോദിച്ചു.
ബ്രിട്ടനിലും അമേരിക്കയിലും കൊവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോൾ അവിടെ നിന്നുള്ള പ്രവേശനം വിലക്കാതിരുന്ന സർക്കാർ, ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കിയത് വംശീയ വിവേചനം ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ ആരോപണം പ്രധാനമന്ത്രി നിഷേധിച്ചിരുന്നു.