
ഷഹബാസിന്റെ കൊലപാതകം: ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും;ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം
താമരശേരി: എളേറ്റില്‍ എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കൊപ്പം, സാമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയില്‍ പങ്കാളികളായ വിദ്യാര്‍ഥികളും മുതിര്‍ന്നവരും കുടുങ്ങും.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങള്‍ക്ക് പുറമെ അക്രമത്തിന് മുന്‍പും ശേഷവുമുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിസരത്തുണ്ടായിരുന്ന മൊഴികളും പരിശോധിച്ച് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഏറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്രമത്തില്‍ മര്‍ദനമേറ്റ ഷഹബാസിനെ സുഹൃത്ത് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ച ശേഷം വൈകുന്നേരം 6:50 ന് താമരശേരിയിലെ ഒരു മാളിന് സമീപം കറുത്തഷര്‍ട്ട് ധരിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ഥികള്‍ സംഘടിച്ച് നിന്ന സിസിടിവി ദൃശ്യങ്ങള്‍കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അക്രമത്തിന് കോപ്പുകൂട്ടാന്‍ ശ്രമിച്ച ഇവരെ മാളിലെ ജീവനക്കാരും മറ്റും ചേര്‍ന്ന് അവിടെ നിന്ന് ഓടിക്കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും പരിശോധിച്ച് അക്രമത്തിന്റെ ഗൂഢാലോചനയില്‍ സാമൂഹമാധ്യമ ഗ്രൂപ്പുകളും വ്യക്തിഗത സന്ദേശങ്ങളും വഴി പങ്കാളികളായവരെക്കുറിച്ചും അന്വേഷണവും തുടരുകയാണ്. രണ്ട് പക്ഷത്തെയും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലെ ടെസ്റ്റ്, ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
സന്ദേശം അയയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെല്ലാം ശാസ്ത്രീയമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അക്രമത്തിന് പ്രേരണ നല്‍കിയെന്ന് തെളിഞ്ഞാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്ത് സന്ദേശമയച്ചവരും നിയമനടപടിക്ക് വിധേയരാവും. സന്ദേശങ്ങള്‍ കൈമാറി ആസൂത്രിത അക്രമത്തിലേക്ക് നയിച്ചെന്ന് കണ്ടാല്‍ വരും ദിവസങ്ങളില്‍ ഇവരെയും പ്രതിചേര്‍ക്കും.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ശബ്ദ സന്ദേശങ്ങളും ശാസ്ത്രീയമായി പരിശോധിക്കുന്നത് വഴി അക്രമം ആസൂത്രണം ചെയ്ത രീതി കൃത്യമായി മനസിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഘര്‍ഷവും മുഹമ്മദ് ഷഹബാസിന് നേരേ നടന്ന ക്രൂരമര്‍ദനവും ആസൂത്രിതമാണെന്ന് അക്രമി സംഘത്തിലെ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്