
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനുമായി പാങ്ങോടുളള പിതൃമാതാവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട സൽമ ബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു, കനത്ത സുരക്ഷയിലാണ് പ്രതിയെ വീട്ടിലെത്തിച്ചത്. അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലുളള വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിന് വിവരിച്ചുകൊടുത്തു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്.
അഫാൻ ബന്ധുക്കളെയും കാമുകിയേയും കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തുമെന്ന് വിവരമുണ്ടായിരുന്നു. അഫാൻ ആദ്യം കൊലപ്പെടുത്തിയത് സൽമ ബീവിയെയാണ്. സൽമ ബീവിയുടെ വീട്ടിലെത്തിയ അഫാൻ മുത്തശ്ശിയോട് സ്വർണ മാല ഊരിത്തരാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് സൽമ ബീവിയെ അഫാൻ കൊലപ്പെടുത്തിയത്.
മാല പണയം വെച്ച സ്ഥാപനത്തിൽ എത്തിച്ചും തെളിവെടുപ്പ് നടക്കും. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിരുന്നു.