കോവിഡിനെതിരെ പോരാടുന്ന ഭാരതത്തിന് സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍
വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ ഭാരതത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്), കാരിത്താസ് ഇന്ത്യയും അടക്കം നിരവധി ക്രിസ്ത്യന്‍ സംഘടനകളാണ് രാജ്യത്തു സഹായം ലഭ്യമാക്കുന്നത്. സി.ആര്‍.എ സും, മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന്‍ ഇന്ത്യയിലെ രോഗബാധ അതിരൂക്ഷമായ മേഖലകളില്‍ ജീവന്‍രക്ഷാ ഉപാധികള്‍ അടക്കമുള്ളവ വിതരണം ചെയ്തു വരികയാണെന്ന് സി.ആര്‍.എസിന്റെ മീഡിയ റിലേഷന്‍സ് മാനേജരായ നിക്കി ഗാമര്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു.
രോഗബാധയുടെ വ്യാപനം തടയുവാനും, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുകയും, രോഗബാധയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുവാന്‍ കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ഇതുവരെ ഏതാണ്ട് 10 ലക്ഷത്തോളം ആളുകളെ തങ്ങള്‍ സമീപിച്ചുകഴിഞ്ഞുവെന്നു ഗാമര്‍ കൂട്ടിച്ചേര്‍ത്തു. വാക്സിനേഷനില്‍ ഒരുപാടു മുന്നോട്ട് പോയ അമേരിക്ക തങ്ങളുടെ ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍, ഏഷ്യയിലെ ചില രാജ്യങ്ങള്‍ തങ്ങളുടെ ഇരുണ്ട കാലഘട്ടത്തിലേക്ക് കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന റീജിയണല്‍ ഡയറക്ടറുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച അവര്‍, ഇന്ത്യ നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണെന്ന്‍ പറഞ്ഞു.
മധ്യപൂര്‍വ്വേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നീ മേഖലകളില്‍ മാനുഷികവും, അജപാലനപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ദി കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍’ (സി.എന്‍.ഇ.ഡബ്ലിയു.എ) എന്ന പേപ്പല്‍ ഏജന്‍സിയും ഇന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഭാരതത്തില്‍ നടത്തുവാന്‍ പോകുന്ന അടിയന്തിര പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം സി.എന്‍.ഇ.ഡബ്യു.എ പ്രസിഡന്റ് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ വക്കാരി ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാന്‍ പ്രാദേശിക സഭകളെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, സഹായവുമായി തങ്ങളുടെ പ്രാദേശിക കാര്യാലയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഓരോ ദിവസവും ഏതാണ്ട് മൂവായിരത്തിയഞ്ഞൂറോളം ആളുകളാണ് ഭാരതത്തില്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.