പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ ഏക മകളുമായി അമ്മ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

0

അമ്പലപ്പുഴ: പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ ഏക മകളുമായി അമ്മ ട്രെയിനിന്‌ മുന്നില്‍ ചാടി മരിച്ചു. തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്‌ണപ്രിയ (15) എന്നിവരാണ്‌ മരിച്ചത്‌.

വീയപുരം ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെ ഹെഡ്‌ ക്ലര്‍ക്കാണ്‌ പ്രിയ.

ഇന്നലെ ഉച്ചയ്‌ക്കു രണ്ടോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിനു സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇവര്‍ റോഡില്‍ പാര്‍ക്ക്‌ ചെയ്‌തശേഷം പാളത്തിലേക്ക്‌ നടന്നു കയറുകയായിരുന്നു. ആലപ്പുഴ കൊല്ലം പാസഞ്ചര്‍ ട്രെയിനിനു മുന്നിലേക്കാണ്‌ ചാടിയത്‌.

 

അമ്പലപ്പുഴയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്‌ളാസ്‌ വിദ്യാര്‍ഥിയാണ്‌ കൃഷ്‌ണപ്രിയ. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ മഹേഷ്‌ കുമാറുമായി ഏറെക്കാലമായി കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. നിലവില്‍ കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌.

 

ഇതിനിടെ മകളുടെ പരീക്ഷാ തയാറെടുപ്പുകള്‍ക്കായി പ്രിയ ഒരു മാസം അവധിയുമെടുത്തിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട്‌ പരീക്ഷകള്‍ മകള്‍ നല്ലതുപോലെ എഴുതിയില്ലെന്ന്‌ മനസിലായതോടെ പ്രിയ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. തുടര്‍ന്ന്‌ പ്രിയ കൗണ്‍സിലിങ്ങിനും വിധേയയായി. ഇന്നലെ രാവിലെ മകളുമായി പഞ്ചായത്ത്‌ ഓഫീസിലെത്തിയെങ്കിലും ഇവര്‍ അസ്വസ്‌ഥയായിരുന്നുവെന്ന്‌ മറ്റ്‌ ജീവനക്കാര്‍ പറയുന്നു.

ഉച്ചയ്‌ക്ക് 1.15 ന്‌ ഓഫീസില്‍ നിന്നിറങ്ങിയ ഇവര്‍ തകഴി ആശുപത്രി റെയില്‍വെ ക്രോസിന്‌ സമീപം സ്‌കൂട്ടര്‍ വച്ച ശേഷം മകളെ പിടിച്ചു വലിച്ചുകൊണ്ട്‌ ട്രെയിന്‌ മുന്നിലേക്ക്‌ ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

പ്രിയയുടെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞിരുന്നു. സഹോദരന്‍ രണ്ട്‌ വര്‍ഷം മുന്‍പും മരിച്ചു.

You might also like