സാമൂഹിക മാധ്യമ അക്കൗണ്ടുള്ള സ്ത്രീകളില്‍ പകുതിപ്പേരും പാസ് വേഡ് കുടുംബാംഗങ്ങളുമായി പങ്കിടുന്നവര്‍; സര്‍വേ റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ള സ്ത്രീകളില്‍ പകുതിയിലധികം പേരും കുടുംബാംഗങ്ങളുമായി പാസ് വേഡ് പങ്കിടുന്നവരെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരുവനന്തപുരം കാട്ടാക്കട നിയമസഭാ പരിധിയില്‍ നടത്തിയ ‘പെണ്ണാദയങ്ങള്‍’ എന്ന സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 44.08 ശതമാനം പേര്‍ക്ക് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെന്നും അവരില്‍ 54.71 ശതമാനം പേര്‍ കുടുംബാംഗങ്ങളുമായി പാസ്‌വേഡ് പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 74.81 ശതമാനം പേര്‍ക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടും, 40.17 ശതമാനം പേര്‍ക്ക് ഫെയ്സ്ബുക്കും, 16.53 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും, 3.48 ശതമാനം പേര്‍ക്ക് വീഡിയോ ഗെയിമുകളും, 0.98 ശതമാനം പേര്‍ക്ക് ഡേറ്റിങ് ആപ്പുകളും ഉപയോഗിക്കുന്നതായ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

53 ശതമാനം സ്ത്രീകള്‍ വരുമാനം കണ്ടെത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നതായും 48.03 ശതമാനം പേര്‍ക്ക് കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലിക്കും പോകാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അവരുടെ സാഹചര്യം കാരണം ജോലി ചെയ്യാന്‍ നിര്‍ബന്ധിതാരയവര്‍ 12.16 ശതമാനവും താല്‍പര്യമില്ലാത്ത ജോലി ചെയ്യുന്ന 19.64 ശതമാനവും ഭര്‍ത്താവിന്റെ സമ്മര്‍ദം കാരണം ജോലി ചെയ്യുന്നവര്‍ 25.86 ശതമാനം പേരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-24 കാലയളവില്‍ മണ്ഡലത്തില്‍ നെല്‍കൃഷി 124 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പച്ചക്കറി ഉല്‍പാദനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക ചുമതലകളില്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പങ്കിനെ കുറിച്ച് ബോധവല്‍കരണം ആവശ്യമാണെന്നും സര്‍വേ പറയുന്നു

You might also like