ആശുപത്രി ബില്ലടയ്ക്കാന്‍ വൈകി; കോവിഡ് ബാധിതന്റെ മൃതശരീരം വിട്ടു നല്‍കാതെ അധികൃതര്‍
കാട്ടാക്കട: ആശുപത്രി ബില്ലടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ചയാളിെന്റ മൃതദേഹം സ്വകാര്യ ആശുപത്രി വിട്ടുനല്‍കിയില്ലെന്ന് ആക്ഷേപം.
നാലര ലക്ഷത്തോളം രൂപയുടെ ബില്ലാണ് 16 ദിവസത്തെ ചികിത്സക്ക് ലഭിച്ചത്. ബന്ധുക്കള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്കതിനെ തുടര്‍ന്ന് ബില്‍ തുക ഒന്നരലക്ഷം രൂപയാക്കി. ഈ തുക അടച്ചതിനെതുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കിയത്.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടില്‍ എം.ഷാജഹാെന്റ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ പിടിച്ചു വെച്ചത്. കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് ഭാര്യയും മകനും ആശുപത്രി വിട്ടു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഷാജഹാനെ ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. ഷാജഹാെന്റ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് അധികൃതര്‍ നല്‍കിയത്. ശനിയാഴ്ച പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് സഹോദരന് നിസാര്‍ ഡി.എം.ഒക്ക് പരാതി നല്കി.
എന്നാല്‍ ആറ് ദിവസം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്സിജന്‍ ഉള്‍പ്പെടെ നല്‍കിയുള്ള ചികിത്സക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുറച്ചുതുകയേ കൈവശമുള്ളൂ എന്നും അടുത്തദിവസം അടയ്ക്കാമെന്നും ബന്ധുക്കള്‍ പറഞ്ഞതിനാലാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.