
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യക്കു നേരെ സൈബർ ആക്രമണം. സമാധാനത്തിനും ഐക്യത്തിനും ആഹ്വാനംചെയ്തുള്ള ഹിമാൻഷിയുടെ വാക്കുകളാണ് പ്രകോപനത്തിന് കാരണം. വിനയ് നര്‍വാളിന്റെ ജന്മദിനമായ മെയ് ഒന്നിന് അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ നടത്തിയ രക്തദാന ക്യാംപിനിടെ, ആക്രമണത്തിന്റെ പേരിൽ മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന് അവർ പറഞ്ഞിരുന്നു. ‘രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് തന്റെ ആഗ്രഹം. തനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഇതിന്റെ പേരില്‍ മുസ്‍ലിംകൾക്കും കശ്മിരികൾക്കും നേരെ വിദ്വേഷം വളരുന്നത് കാണുന്നു. അത് തങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ, തീര്‍ച്ചയായും തങ്ങള്‍ക്ക് നീതി ലഭിക്കണം’- ഇതാണ് ഹിമാൻഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാൻഷിക്കെതിരേ സാമൂഹിക മാധ്യങ്ങളില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അര്‍ഹത ഇല്ലെന്ന വാദവുമായി ചിലർ രംഗത്തെത്തി.
സംഭവത്തെ ദേശീയ വനിതാ കമ്മിഷൻ അപലപിച്ചു. അഭിപ്രായ പ്രകടനത്തിന്റെയോ വ്യക്തി ജീവിതത്തിന്റെയോ പേരിൽ ഒരു സ്ത്രീക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഹിമാൻഷി നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്.
ചില ആളുകൾക്ക് ഹിമാൻഷിയുടെ പരാമർശങ്ങൾ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ അഭിപ്രായങ്ങളുടെ പേരിൽ അവരെ ട്രോളുന്നതും വ്യക്തിപരമായ പരാമർശങ്ങൾ ഉപയോഗിച്ച് അവരെ ലക്ഷ്യം വയ്ക്കുന്നതും ശരിയല്ല. ഓരോ സ്ത്രീയുടെയും അന്തസ്സും ബഹുമാനവും സംരക്ഷിക്കാന്‍ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും ചെയർപേഴ്‌സൺ വിജയ രഹത്കർ എക്സിൽ കുറിച്ചു.
