ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു

0

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘര്‍ഷ ബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ ‘ഓപ്പറേഷന്‍ സിന്ധു’വിന്റെ ഭാഗമായി ആദ്യ വിമാനം ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 മണിയോടെ ഡല്‍ഹിയില്‍ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒന്ന് രാവിലെയും മറ്റൊന്ന് വൈകുന്നേരവും തലസ്ഥാനത്തെത്തും. 110 വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു.

ഇസ്രയേലില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും തുടരുന്നതിനാല്‍ ഇറാന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമായി ഒരു പ്രത്യേക ഇടനാഴി അനുവദിച്ചിരിക്കുകയാണിപ്പോള്‍.  വ്യോമാതിര്‍ത്തി അടച്ചതിനാല്‍ അര്‍മേനിയ വഴിയും തുര്‍ക്ക്മെനിസ്ഥന്‍ വഴിയുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചത്

You might also like