
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ
കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്നും ഉക്രെയ്ന്‍ പ്രതികരിച്ചു.
പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ട്രാന്‍സ്‌കാര്‍ പാത്തിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പുടിന്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പരോക്ഷമായി പറഞ്ഞത്. ഉക്രെയ്ന്‍, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ ഒരു ചരിത്രപരമായ തെറ്റാണ്.
ഉക്രെയ്ന്‍ പ്രസിഡന്റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലന്‍സ്‌കി ഒരു നാസിയാണ്. എന്തിനാണ് അദേഹവുമായി ചര്‍ച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ അതീവ ശ്രദ്ധയോടെ നടക്കണമെന്നും സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു.
