കോവിഡ് പരിശോധന ഇനി വീട്ടിലും-ഐസിഎംആറിന്റെ അംഗീകാരം
ദില്ലി: ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ.
കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് പരിശോധന സ്വയം നടത്താം. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും. പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
ഒരു കിറ്റിന്റെ വില 250 രൂപയാണ്. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. കിറ്റ് യഥേഷ്ടം ലഭ്യമാകുന്നതോടെ പരിശോധന നിരക്ക് കൂട്ടികൊണ്ട് കൊവിഡ് രോഗത്തെ നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.