കത്തോലിക്ക വൈദികന്‍ ഉൾപ്പടെ 11 പേരെ തട്ടിക്കൊണ്ടുപോയി
കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തോക്കുധാരികളായ കൊള്ളക്കാര്‍ കത്തോലിക്ക വൈദികന്‍ ഉൾപ്പടെ 11 പേരെ തട്ടിക്കൊണ്ടുപോയി. കടൂണ അതിരൂപതാംഗമായ വൈദികനാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്. കാച്ചിയ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലുള്ള കഡാജെയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 17ന് രാവിലെയാണ് കൊള്ളക്കാര്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ വെടിയൊച്ച കേട്ട് ഉണര്‍ന്ന തങ്ങള്‍ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനീകര്‍ ഉള്‍പ്പെടെ ആരും തങ്ങളുടെ സഹായത്തിനെത്തിയില്ലെന്ന്‍ പ്രദേശവാസികള്‍ പറഞ്ഞതായി എ.സി.ഐ ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊള്ളക്കാരുടെ ആധിപത്യമുള്ള മേഖലകളില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണ പരമ്പരയുടെ തൊട്ടുപിന്നാലെയാണ് എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനൊന്നുപേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തിരിക്കുന്നത്. വ്യോമാക്രമണത്തില്‍ നിരവധി കൊള്ളക്കാര്‍ കൊല്ലപ്പെട്ടതായും, ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടതായും കടൂണ സംസ്ഥാനത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടറായ സാമുവല്‍ അരുവാന്‍ മെയ് 14ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അവകാശപ്പെട്ടിരിന്നു. കടൂണ-ബിര്‍നിന്‍ ഗ്വാരി, കടൂണ-അബുജ, കടൂണ-സരിയ, കടൂണ-കാച്ചിയ, കാഡുണ-അഫാക എന്നീ പ്രധാന ഹൈവേകളില്‍ സൈനീക നിരീക്ഷണം ശക്തമാക്കുമെന്നും അധികാരികള്‍ പറയുന്നുണ്ട്.
ആയിരകണക്കിന് തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ നൈജീരിയന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ (എന്‍.എല്‍.സി) ആഹ്വാനപ്രകാരം നടന്നുവരുന്ന സമരത്തില്‍ സംസ്ഥാനം മരവിച്ചു നില്‍ക്കുന്നതിനിടയിലാണ് ആക്രമണം നടന്നിരിക്കുന്നത്. സ്കൂള്‍ ഫീസും, ജീവിതം ചിലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തീവ്രവാദവും, തട്ടിക്കൊണ്ടുപോകലും നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ഉറക്കംകെടുത്തുകയാണ്. നൈജീരിയയില്‍ ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്