
രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന കര്‍ശന ഉത്തരവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്
ബംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന കര്‍ശന ഉത്തരവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികള്‍ക്ക് പുറമെ ഫാര്‍മസികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും അടക്കം എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
തമിഴ്നാട് ആസ്ഥാനമായുള്ള ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിക്കുന്ന കോള്‍ഡ്രിഫ് സിറപ്പ് (ബാച്ച് നമ്പര്‍ SR-13) കഴിച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചത്. ജയ്പൂരിലെ കെയ്സണ്‍സ് ഫാര്‍മ നിര്‍മിക്കുന്ന ഡെക്സ്‌ട്രോമെത്തോര്‍ഫാന്‍ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ഐപിയുടെ ഉപയോഗത്തെ തുടര്‍ന്ന് രാജസ്ഥാനിലും കുട്ടികള്‍ മരിച്ചിരുന്നു. മരുന്നു വില്‍പന സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ എല്ലാ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടും കര്‍ശനമായ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്
