
റോബോ ടാക്‌സികളെ സ്വീകരിക്കാനൊരുങ്ങി ദുബായ് നഗരം
ദുബായ്: റോബോ ടാക്‌സികളെ സ്വീകരിക്കാനൊരുങ്ങി ദുബായ് നഗരം. 2026 മാര്‍ച്ചില്‍ ദുബായ് നിരത്തിലൂടെ റോബോ ടാക്‌സികളും ഓടിത്തുടങ്ങും. 60 റോബോ ടാക്‌സികളായിരിക്കും ആദ്യ ഘട്ടം നിരത്തിലിറങ്ങുക. 2030 ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25 ശതമാനവും സ്മാര്‍ട്ട് രീതിയിലാക്കുകയാണ് ലക്ഷ്യം.
ജുമൈര, ഷെയ്ഖ് സായിദ് റോഡ്, സിലിക്കണ്‍ ഒയാസിസ് ഉള്‍പ്പെടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ നിലവില്‍ പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ വ്യക്തമാക്കി.
റോബോ ടാക്‌സികളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ചൈനീസ് ഓട്ടോണമസ് വെഹിക്കിള്‍ (എവി) ടെക്‌നോളജി കമ്പനിയായ പോണി എഐയും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ഒപ്പുവെച്ചു.
പോണി എഐ മള്‍ട്ടി ഫേസ് റോള്‍ഔട്ടിലൂടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ അവതരിപ്പിക്കും. ഷാങ്ഹായ് ഓട്ടോ ഷോയില്‍ പോണി എഐ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനം അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ദുബായ് ആര്‍ടിഎയുമായി ധാരണാപത്രം ഒപ്പു വെച്ചത്
