
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
കെ.എ പോള്‍ ആണോ മധ്യസ്ഥനെന്ന് കോടതി ചോദിച്ചു. പോള്‍ അല്ല, പുതിയ ആളാണ് മധ്യസ്ഥനെന്ന് കേന്ദ്രം വ്യക്തമാക്കി. നിമിഷ പ്രിയയുടെ ജീവനില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണെന്നും കേന്ദ്രം അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയ കോടതി അതിനിടെ പുതിയ സംഭവങ്ങളുണ്ടായാല്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ 2025 ഓഗസ്റ്റ് 24 നോ 25 നോ നടപ്പാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചതിലൂടെയാണ് കെ.എ പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇക്കാര്യമറിയിച്ചത്
