ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവർക്ക് നിയന്ത്രണം
മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേയ് 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതനുസരിച്ച് ബഹ്‌റൈന്‍ പൗരന്മാര്‍, താമസവിസയുള്ളവര്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ബഹ്‌റൈനിലേക്ക് പ്രവേശനം അനുവദിക്കുക. നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്(എന്‍പിആര്‍എ)ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയ നിയന്ത്രണം. ആറ് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. ബഹ്‌റൈനില്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴും പിന്നീട് അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം. സ്വന്തം താമസസ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതിനായി സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാഗത്തിന്റെയോ താമസസ്ഥലത്തിന്റെ രേഖ തെളിവായി ഹാജരാക്കണം. ഇല്ലെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലുകളില്‍ കഴിയണം.