
അമേരിക്കയെ വിറപ്പിച്ച് ശൈത്യ കൊടുങ്കാറ്റും മഞ്ഞു വീഴ്ചയും; 12 മരണം; 11000ലധികം വിമാനങ്ങൾ റദ്ദാക്കി
വാഷിങ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കി അതിശൈത്യവും ഹിമപാതവും. ‘വിന്റർ സ്റ്റോം ഫേൺ’ എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റിൽ പെട്ട് ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. തെക്കൻ സംസ്ഥാനങ്ങൾ മുതൽ വടക്കുകിഴക്കൻ മേഖല വരെ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. സ്ഥിതിഗതികൾ അതീവ ഗുരുതരമായതോടെ 21 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോവിഡ് കാലത്തിന് ശേഷം അമേരിക്കൻ വ്യോമഗതാഗത മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ശനി, ഞായർ ദിവസങ്ങളിലായി 11,000-ത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. റൺവേകളിൽ മഞ്ഞ് അടിഞ്ഞുകൂടിയതും കാഴ്ചപരിധി കുറഞ്ഞതുമാണ് വിമാനങ്ങൾ നിലത്തിറക്കാൻ കാരണം. റോഡ് ഗതാഗതവും പലയിടത്തും അസാധ്യമായി.
കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും വൈദ്യുതി ലൈനുകൾ തകരാറിലായതോടെ പത്ത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിലായി. ടെക്സസ്, ലൂസിയാന, മിസിസിപ്പി, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷം. കൊടുംതണുപ്പിൽ ഹീറ്ററുകൾ പോലും പ്രവർത്തിപ്പിക്കാനാവാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്
