
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ അന്തരിച്ചു
കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ (64) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നിന് വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവ സമയത്ത് പി.ടി ഉഷ വീട്ടില്‍ ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം അവര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.
പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.
1991 ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകന്‍ ഡോ. ഉജജ്വല്‍ വിഗ്നേഷ്.
പി.ടി ഉഷയുടെ വളര്‍ച്ചയുടെ പടവുകളില്‍ തണലായി എപ്പോഴും കൂടെയുണ്ടായിരുന്ന ആളായിരുന്നു ശ്രീനിവാസന്‍. സി.ഐ.എസ്.എഫ് ഇന്‍സ്‌പെക്ടറായിരുന്ന അദേഹം മുന്‍ ദേശീയ യൂണിവേഴ്‌സിറ്റിതല കബഡി താരവുമായിരുന്നു. കായിക രംഗത്തോടുള്ള അദേഹത്തിന്റെ താല്‍പര്യം ഉഷയുടെ കരിയറില്‍ എപ്പോഴും കൂട്ടായുണ്ടായിരുന്നു.
പി.ടി ഉഷ ഏഴാം ക്ലാസ് മുതല്‍ പങ്കെടുത്ത മത്സരങ്ങളെക്കുറിച്ചും അവയുടെ സമയത്തെക്കുറിച്ചും കൃത്യമായി അറിവുള്ളയാളായിരുന്നു അദേഹം. ഉഷ പങ്കെടുത്ത ഏത് മത്സരത്തിന്റെയും സെക്കന്‍ഡ് അടക്കമുള്ള സമയം അദേഹത്തിന് മനപാഠമായിരുന്നു. ഭര്‍ത്താവെന്നതിലുപരി അവരെക്കുറിച്ച് കൃത്യമായി പഠിച്ചയാളായിരുന്നു ശ്രീനിവാസന്‍.
കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ആരംഭിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും പി.ടി ഉഷയ്‌ക്കൊപ്പം തന്നെ നിര്‍ണായക പങ്കുവഹിച്ചു. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സഹസ്ഥാപകനും ട്രഷററുമായിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉഷയ്ക്ക് കരുത്തുറ്റ പിന്തുണയായി അദേഹം ഒപ്പമുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഡോക്ടറായ മകന്‍ വിഘ്‌നേഷ് വി. ഉജ്ജ്വലും ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
പി.ടി ഉഷയ്ക്ക് ലഭിച്ച മെഡലുകളും മത്സങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന മ്യൂസിയം വീട്ടില്‍ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു അദേഹം. അത് പൂര്‍ത്തിയാക്കും മുന്‍പേയാണ് അപ്രതീക്ഷിത വിയോഗം
