ഡ്രൈവിങ് ടെസ്റ്റ് പാസായവര്‍ക്ക് സൂപ്പര്‍ ചെക്കിങ്; തോറ്റാല്‍ ലൈസന്‍സ് മരവിപ്പിക്കും

0

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന സൂപ്പര്‍ ചെക്കിങില്‍ പരാജയപ്പെട്ടാല്‍ ലൈസന്‍സ് മരവിപ്പിക്കും. നിശ്ചിത ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടി വരും. ഇതില്‍ പാസായാല്‍ മാത്രമെ ലൈസന്‍സ് പുനസ്ഥാപിക്കൂ. ജോയിന്റ് ആര്‍.ടി.ഒ, ആര്‍.ടി.ഒമാരാണ് സൂപ്പര്‍ ചെക്കിങ് നടത്തുന്നത്.

ഒരാളുടെ ഡ്രൈവിങ് കഴിവ് പുന പരിശോധിക്കാനുള്ള അധികാരം ലൈന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം നല്‍കുന്നുണ്ട്. ലൈസന്‍സ് നേടിയത് കൃത്രിമ മാര്‍ഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാല്‍ ലൈസന്‍സ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെടാം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച എട്ട്, എച്ച് ടെസ്റ്റുകള്‍ നടത്താന്‍ പറ്റില്ലെങ്കിലും കേന്ദ്ര നിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.

ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ഡ്രൈവിങ് വൈദഗ്ധ്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ ചെക്കിങ് നടത്താന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ലൈസന്‍സ് ലഭിച്ചവരെ അടുത്ത ദിവസങ്ങളില്‍ വിളിച്ച് വരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.

മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ മാസാചരണ വേദിയിലാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ സൂപ്പര്‍ ചെക്കിങ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്.

മലപ്പുറത്ത് അപകടങ്ങള്‍ കൂടാന്‍ കാരണം തട്ടിക്കൂട്ട് രീതിയില്‍ ലൈസന്‍സ് നല്‍കിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ റോഡ് സുരക്ഷയിലും ഗതാഗത നിയമങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും പരിശോധിക്കും. മിനിസ്റ്റിരീയില്‍ ജീവനക്കാരടക്കം എംവിഡി ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് മാസത്തിലൊരിക്കല്‍ പാസാകണം. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കും ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് നിര്‍ബന്ധമാണ്. ഓരോ മാസം കൂടുമ്പോഴും ഇവര്‍ ടെസ്റ്റ് പാസാകണമെന്നാണ് നിര്‍ദേശം

You might also like