ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ 13 കാരി മകളെ പിൻഗാമിയായി പ്രഖ്യാപിച്ചു

0

സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജൂ ഏയെ ഔദ്യോഗിക പിൻഗാമിയായി തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. മകൾ അടുത്ത പിൻഗാമിയാകുമെന്ന് അപ്പോൾതന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലായിരുന്നു കിം ജൂ ഏ.

കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ പ്രധാന വേദികകളിൽ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ഏയും പങ്കെടുത്തിരുന്നു. മാത്രമല്ല, നയപരമായ കാര്യങ്ങളിൽ ജൂ ഏ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതായും സൂചനകളുണ്ട്. കിം ജൂ ഏയുടെ യഥാർഥ പ്രായം വ്യക്തമല്ല. ഏകദേശം 13 വയസെങ്കിലും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-ൽ ഒരു മിസൈൽ പരീക്ഷണ സന്ദർഭത്തിലാണ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. ഇതിന് ശേഷം ഉത്തര കൊറിയൻ മാധ്യമങ്ങൾ പുറത്തുവിടുന്ന ചിത്രങ്ങളിൽ അവർക്ക് വലിയ പ്രതീകാത്മക പ്രാധാന്യം നൽകുന്നുണ്ട്. പലപ്പോഴും പിതാവിനെ പിന്തുടരുന്നതിന് പകരം അദ്ദേഹത്തിന് ഒപ്പമോ അതിലുയരത്തിലോ നിൽക്കുന്ന രീതിയിലാണ് ജൂ ഏ പ്രത്യക്ഷപ്പെട്ടിരുന്നത്.

You might also like