
‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠന കാലയളവ് വരെ വിസ; യാത്രക്കാര്‍ക്ക് വിസയില്ലാത്ത ട്രാന്‍സിറ്റ് സൗകര്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ ഇനി മുതല്‍ പഠന കാലയളവിന് അനുസരിച്ചുള്ള ദീര്‍ഘകാല വിസകള്‍ അനുവദിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ നടപടികളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഫ്രാന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് വിസയില്ലാത്ത ട്രാന്‍സിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതായും മക്രോണ്‍ പ്രഖ്യാപിച്ചു. സാധാരണയായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍, വിമാനത്താവളത്തിന് പുറത്തിറങ്ങിയില്ലെങ്കില്‍ പോലും ‘എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ’ (എടിവി) എടുക്കേണ്ടതുണ്ട്.
എന്നാല്‍ പുതിയ പ്രഖ്യാപന പ്രകാരം ഫ്രഞ്ച് വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി പ്രത്യേക ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല. ഇതുവഴി വിസ നടപടികള്‍ക്കായി കാത്തു നില്‍ക്കാതെയും അധിക തുക ചിലവാക്കാതെയും ഫ്രാന്‍സ് വഴി യാത്ര ചെയ്യാം. പദ്ധതി ആറ് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്
