
മെക്സികോയിൽ മയക്കുമരുന്ന് തലവനെ സൈനിക നടപടിയിലൂടെ വധിച്ചു
മെക്സികോ സിറ്റി: മെക്സികോയിൽ മയക്കുമരുന്ന് തലവനെ സൈനിക നടപടിയിലൂടെ വധിച്ചു. എൽ മെഞ്ചോ എന്നറിയപ്പെടുന്ന നെമേസിയോ റുബർ ഒസേഗുരേ സെർവന്റസാണ് കൊല്ലപ്പെട്ടത്. മെക്സികോയുടെ പടിഞ്ഞാറൻ നഗരമായ ജാലിസോയിൽ വെച്ചാണ് സൈനിക നടപടിയുണ്ടായത്. ഇയാൾക്കൊപ്പം ഏഴ് കൂട്ടാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.
അടുത്തിടെയാണ് 59കാരനായ ഇയാൾ മെക്സികോയിലെ കുപ്രസിദ്ധനായ കുറ്റവാളിയായി മാറിയത്. മെക്സികോയിലെ ക്രിമിനൽ സംഘമായ ജാലികോ ജനറേഷൻ കാർട്ടലിന്റെ തലവനായാണ് ഇയാൾ കുപ്രസിദ്ധയാർജിച്ചത്. എൽ മെഞ്ചോയെ വധിക്കാനുള്ള ഓപ്പറേഷനിടെയാണ് കാർട്ടലിലെ നാല് പേർ കൊല്ലപ്പെട്ടത്. മൂന്ന് പേരെ നഗരം വിടാനുള്ള ശ്രമത്തിനിടയിലും സൈന്യം വധിച്ചു. രണ്ട് പേരെ ആയുധങ്ങളുമായി സൈന്യം പിടികൂടി. സൈനിക ഓപ്പറേഷന് ശേഷമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സൈനിക ഓപ്പറേഷനിടെ മൂന്ന് സൈനകർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു നാഷണൽ ഗാർഡ് അംഗം ഓപ്പറേഷനിടെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. യു.എസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് തലവനെ കണ്ടുപിടിച്ച് കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
