ജാർഖണ്ഡിലെ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ ഏഴ് മരണം

0

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നുണ്ടായ അപകടത്തിൽ ഏഴ് മരണം. റാഞ്ചി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെയാണ് റെഡ്ബേർഡ് എയർവേസ് വിമാനം തകർന്നുവീണ് അപകടമുണ്ടായത്.

പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. അപകട കാരണം മോശം കാലാവസ്ഥയാണെന്നാണ് സൂചന. ഛത്ര ജില്ലയിലെ കർമാട്ടണ്ട് ജില്ലയിലുള്ള വനപ്രദേശത്താണ് എയർ ക്രാഫ്റ്റ് തകർന്നു വീണത്.

ക്യാപ്റ്റൻ വിവേക് ​​വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ്ദീപ് സിങ്, സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഫെബ്രുവരി 16 ന് 65 ശതമാനം പൊള്ളലേറ്റ നിലയിലാണ് ലതേഹർ ജില്ലയിലെ ചന്ദ്‌വ സ്വദേശിയായ സഞ്ജയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് എയർ ആംബുലൻസിൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. എയർ ആംബുലൻസിലുണ്ടായിരുന്ന ഏഴ് പേരും അപകടത്തിൽ മരിച്ചുവെന്നും വിമാനം റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ചത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി. അറിയിച്ചു

You might also like