
ജനീവ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശമനമില്ലാതെ തുടരുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. സൈനിക നീക്കങ്ങൾ ഒഴിവാക്കി വിവേക പൂർണമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാഹചര്യം അതിഗുരുതരമാണ്. പ്രാദേശികമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണ്. സമാധാനം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ നടന്ന മൂന്നാംഘട്ട ചർച്ചകളും വലിയ ധാരണകളില്ലാതെയാണ് അവസാനിച്ചത്. എന്നിരുന്നാലും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിക്കുന്ന ഒമാൻ അറിയിച്ചു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ തുടരും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകളെ ‘ഗൗരവമേറിയതും ദീർഘവുമായ ഘട്ടം’ എന്ന് വിശേഷിപ്പിച്ചു. ആണവ വിഷയങ്ങളിലും ഉപരോധങ്ങൾ നീക്കുന്ന കാര്യത്തിലും ധാരണയിലെത്താൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കൻ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ചർച്ചാ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ടെഹ്‌റാൻ: ഇറാന് നേർക്ക് സംയുക്ത ആക്രമണം നടത്തി അമേരിക്കയും ഇസ്രയേലും. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പലയിടത്തുനിന്നും സ്‌ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്.
ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്. ഇറാന്റെ പ്രസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിന് നേർക്കും ആക്രമണമുണ്ടായി. ഇറാന്റെ പരമാധികാരി അയത്തൊള്ള ഖമനേയിയയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
