
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇറാനിൽനിന്ന് അതിശക്തമായ വ്യോമാക്രമണം.
ദുബായ്: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇറാനിൽനിന്ന് അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. കുവൈത്തിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള-വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ നടത്തിയ മിസൈൽ ആക്രമണം യുഎഇ ചെറുത്തു. ഇതിനിടെ മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്കും ഏഴ് നേപ്പാൾ സ്വദേശികൾക്കും പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 203 ആയി.
അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോർജ പ്ലാന്റുകളിലൊന്ന് പ്രവർത്തിക്കുന്നത്. 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു
