
ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡ് ഇനി ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായ ആ നാല് പേര്‍ക്ക് സ്വന്തം
ഫ്‌ളോറിഡ: ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡ് ഇനി ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായ ആ നാല് പേര്‍ക്ക് സ്വന്തം. ഭൂമിയില്‍ നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ വരെ സംഘം എത്തി. പുതിയ റെക്കോര്‍ഡ് പിറന്നത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:37 നാണ്. 1970 ഏപ്രില്‍ 14 ലെ അപ്പോളോ 13 സംഘത്തിന്റെ റെക്കോര്‍ഡാണ് ആര്‍ട്ടമിസ് സംഘം മറികടന്നത്.
54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യര്‍ എന്ന ചരിത്രവും ഇനി ആര്‍ട്ടമിസ് ദൗത്യ സംഘത്തിന് സ്വന്തമാണ്. ഒറിയോണ്‍ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിയത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:32 നാണ്. ഭൂമിയിലേക്ക് ആദ്യം സന്ദേശം അയച്ചത് ക്രിസ്റ്റീന കുക്കാണ്. ഇന്നാണ് പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത്.
1972 ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യന്‍ വീണ്ടും ചാന്ദ്ര ഗുരുത്വ സ്വാധീന മേഖലയില്‍ എത്തിയത്. തുടര്‍ന്ന് ചന്ദ്രന്റെയും അപ്പുറത്ത് നിന്ന് ദൗത്യ സംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറിയോണ്‍ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാല്‍ നാല്‍പ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും സംഘം നോക്കിക്കണ്ടു.
ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോള്‍ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്ക യാത്രയ്ക്ക് തുടക്കമാകും. എട്ടാം നാള്‍ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാളാണ് തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാള്‍ ഭൂമിയിലെത്തും
