വാല്‍പ്പാറ ദുരന്തം: മരണപ്പെട്ട ഒന്‍പത് പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

0

പൊള്ളാച്ചി: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. അര്‍ധരാത്രി 12 ന് പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്.

മൃതദേഹങ്ങളുമായി ഒന്‍പത് ആംബുലന്‍സുകളാണ് മലപ്പുറത്തേക്ക് പുറപ്പെട്ടത്. പാങ് അമ്പലപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരം നടക്കും. മരിച്ചവരില്‍ ഭൂരിഭാഗവും പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമാണ്.

വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനാധ്യാപിക പി. അജിത അപകടത്തില്‍പ്പെടുന്നത്. പി. അജിത (54), റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുല്‍ മജീദ് (43), റുഖിയ (39),സാജിത (45), ഹിഷാം (12), ഷക്കീന (37) എന്നിവരാണ് മരിച്ചത്.

അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ട് പോകും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാന്‍ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് (22), സ്‌കൂള്‍ ഡ്രൈവര്‍ നൗഷാദ് (39), സാജിതയുടെ മകന്‍ ഷഹദീന്‍ (11) എന്നിവര്‍ കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മലപ്പുറം പാങ് പള്ളിപ്പറമ്പ് സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 5:20 ന് വാല്‍പ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കാഴ്ചകള്‍ കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാന്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവരും ഒപ്പം കൂടുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീന്‍ എന്ന കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച അധ്യാപിക ഷക്കീനയുടെ മകളാണ് മസ്‌നീന്‍. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്‌നീനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു

You might also like