
മെറ്റയിൽ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ നടക്കാൻ പോകുന്നതായി പുതിയ റിപ്പോർട്ടുകൾ
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യൽ മീഡിയ ഭീമനായ മെറ്റയിൽ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ നടക്കാൻ പോകുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏകദേശം 7,800 ജീവനക്കാർക്ക് മെയ് 20-ഓടെ പിരിച്ചുവിടൽ നോട്ടീസ് അയക്കാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് സൂചനകൾ നൽകുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ പത്ത് ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം നടക്കുന്നത്. പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ജീവനക്കാർക്ക് ഇമെയിൽ വഴിയായിരിക്കും ലഭ്യമാകുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ വ്യക്തിഗത ഇമെയിൽ വിവരങ്ങൾ പുതുക്കാൻ കമ്പനി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
