
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഈ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപമാണ് നിലവില്‍ ന്യൂനമര്‍ദ്ദം നിലകൊള്ളുന്നത്. ഇത് വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും. ഇതിന് പുറമെ ലക്ഷദ്വീപിനും തെക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും കേരളത്തിലെ മഴ സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ സജീവമായ രണ്ട് ന്യൂനമര്‍ദ പാത്തികളും മഴയുടെ തീവ്രത കൂട്ടാന്‍ കാരണമാകുന്നുണ്ട്.
