ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു

0

ഇടുക്കി: പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 3:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാമ്പനാര്‍ സ്വദേശി ആഗ്‌നസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്.

അപകട സമയത്ത് കെട്ടിടത്തിനുള്ളില്‍ തൊഴിലാളികളോ മറ്റാരെങ്കിലുമോ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നിര്‍മാണത്തിലുണ്ടായ ഗുരുതരമായ അപാകതകളും അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിലവില്‍ ശക്തമായ മഴയോ മണ്ണൊലിപ്പോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ ഇല്ലാതിരുന്നിട്ടും കെട്ടിടം തകര്‍ന്നു വീണത് നിര്‍മാണത്തിലെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് ഇവിടെ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. സാധാരണയായി 30 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലയോര മേഖലകളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാറില്ല. ഈ നിയമം നിലനില്‍ക്കെ കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ എങ്ങനെ അഞ്ച് നില കെട്ടിടത്തിന് അനുമതി ലഭിച്ചു എന്നതില്‍ ദുരൂഹതയേറുകയാണ്

You might also like