കടക്കെണി കവര്‍ന്നത് രണ്ട് ജീവനുകള്‍; മകള്‍ക്ക് പിന്നാലെ അമ്മയും വിടപറഞ്ഞു, പ്രാര്‍ത്ഥനയോടെ നാട്

0

കോട്ടയം: സാമ്പത്തിക ബാധ്യതകള്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ എത്രത്തോളം ദാരുണമായി തല്ലിക്കെടുത്തുമെന്നതിന്റെ കണ്ണീര്‍ച്ചിത്രമായി മാറിയിരിക്കുകയാണ് കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിലെ ദുരന്തം. കടബാധ്യതകള്‍ പെരുകിയപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഒന്നിച്ച് തീരുമാനിച്ച നാലംഗ കുടുംബത്തിലെ രണ്ട് ജീവനുകള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞു.

കളനാശിനി ഉള്ളില്‍ച്ചെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിയ തെരേസ തോമസ് ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയിരുന്നു. മകളുടെ വിയോഗം സൃഷ്ടിച്ച ആഘാതം മാറും മുന്‍പേ, അന്ന് വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും ലോകത്തോട് വിടപറഞ്ഞു. ഇതോടെ നാടൊന്നാകെ ഈ ദാരുണ സംഭവത്തിന്റെ നടുക്കത്തിലും വിതുമ്പലിലുമാണ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടില്‍ നാല് പേരെ അവശനിലയില്‍ കണ്ടെത്തിയത്. കോതനല്ലൂര്‍ സ്വദേശിയായ ജോസ്‌നയുടെ സഹോദരന്‍ ഉച്ചമുതല്‍ ഫോണില്‍ വിളിച്ചിട്ടും ആരും എടുക്കാതിരുന്നതിനെ തുടര്‍ന്ന് നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പിന്‍വാതില്‍ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്ത് നിന്ന് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു.

സഹകരണ ബാങ്കിലെ താല്‍കാലിക ജീവനക്കാരിയായ ജോസ്‌നയും കര്‍ഷകനായ ഭര്‍ത്താവ് തോമസും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

മറ്റക്കര എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരി മരിയയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയായിരുന്നു അമ്മ ജോസ്‌നയുടെയും മരണം. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ പിന്നീട് ചേപ്പുംപാറ മര്‍ത്താമറിയാം പള്ളി സിമിത്തേരിയില്‍ നടക്കും.

ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായിരുന്ന മകള്‍ മരിച്ച വിവരമറിയാതെ പിതാവ് തോമസ് ഏബ്രഹാമും, ചേച്ചിയുടെ വേര്‍പാടറിയാതെ പന്ത്രണ്ടുകാരനായ അനിയന്‍ അലന്‍ തോമസും ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രിയപ്പെട്ട മരിയയുടെയും ജോസ്‌നയുടെയും വിയോഗത്തില്‍ നാട് ഒന്നടങ്കം ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍, ആശുപത്രി കിടക്കയിലുള്ള പിതാവും മകനും എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും

You might also like