മ്യാന്‍മറില്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കത്തോലിക്ക ദേവാലയം തകര്‍ന്നു: 4 പേര്‍ കൊല്ലപ്പെട്ടു

0

 

 

ലോയികാ: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ ദേവാലയം ബോംബിംഗിന് ഇരയായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കായാ സംസ്ഥാന തലസ്ഥാനമായ ലോയികായില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള കയാന്‍ തര്യാര്‍ ഗ്രാമത്തിലെ ഇടവക ദേവാലയത്തിലാണ് ബോംബ്‌ പതിച്ചത്. സംശയിക്കപ്പെടുന്ന വിമത പോരാളികള്‍ക്കെതിരെ നടത്തിയ ഷെല്ലാക്രമണത്തിനിടയിലാണ് ദേവാലയത്തില്‍ ബോംബ്‌ പതിച്ചത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ദുരന്തങ്ങളും, വെടിവെയ്പ്പുകളും ഉണ്ടാകുമ്പോള്‍ തങ്ങളുടെ അഭയകേന്ദ്രമായ ദേവാലയമാണ് ബോംബാക്രമണത്തില്‍ ഇല്ലാതായതെന്നു ഗ്രാമവാസികള്‍ വെളിപ്പെടുത്തി. ലോയികായില്‍ നിന്നും 10 മൈല്‍ അകലെയുള്ള പെഖോണിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തെ അപലപിച്ചുകൊണ്ട് മ്യാന്‍മറിലെ ഈശോ സഭ രംഗത്തെത്തി. സര്‍ക്കാര്‍ സൈന്യമാണ്‌ ഇതിനു ഉത്തരവാദികളെന്ന്‍ ഈശോ സഭ ഏജന്‍സിയ ഫിഡെസിനയച്ച പ്രസ്താവനയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കുമെതിരെയുള്ള സൈനീകാക്രമണം ഉടന്‍തന്നെ നിറുത്തണമെന്നും, ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടാല്‍ യുദ്ധത്തിന്റെ പ്രതീതിയാണുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നോബേല്‍ പുരസ്കാര ജേതാവായ ‘സാന്‍ സൂകി’യുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കി ഭരണം പിടിച്ചെടുത്ത പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ സേനയും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങളാണ് മ്യാന്‍മറിലെ കലാപം കൂടുതല്‍ രൂക്ഷമാക്കിയത്. ഫെബ്രുവരി ഒന്നു മുതല്‍ ഇതുവരെ ഏതാണ്ട് എണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മ്യാന്‍മറിലെ നിലവിലെ സ്ഥിതിഗതിയെ തുടര്‍ന്നു രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ കാര്യം ഏറെ പരിതാപകരമാണെന്ന് ഫാ. മൌറിസ് മോ ഹോങ് എന്ന വൈദികന്‍ പറഞ്ഞു. മ്യാന്‍മര്‍ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ എന്ന ബഹുമതിക്കര്‍ഹനായ ഫ്രാന്‍സിസ് പാപ്പ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. 2017 നവംബറിലാണ് പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ളത് ദേവാലയ ആക്രമണം അരങ്ങേറിയ കായ സംസ്ഥാനത്താണ്. മൂന്നരലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ഏതാണ്ട് തൊണ്ണൂറായിരത്തോളം കത്തോലിക്കാ വിശ്വാസികള്‍ ഇവിടെ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്

You might also like