യാസ് ചുഴലിക്കാറ്റ് ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു, തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; 4 പേർ മരിച്ചു
ഒഡിഷ: യാസ് ചുഴലിക്കാറ്റ് ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി നാല് പേർ മരിച്ചു. 50 തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഒഡിഷയിലും പശ്ചിമ ബംഗാളിലും വൻതോതിൽ നാശനഷ്ടമുണ്ടായതിന് ശേഷമാണ് യാസ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ പ്രവേശിച്ചത്. തൊട്ടുമുൻപ് തന്നെ കാറ്റ് ദുർബലമായി ന്യൂനമർദമായി മാറി. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ മൂന്ന് പേരും പശ്ചിമ ബംഗാളിൽ ഒരാളുമാണ് മരിച്ചത്. ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ പറ്റി. സംസ്ഥാനത്തെ ഒരുകോടിയോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
ഒഡിഷയിൽ ചുഴലിക്കാറ്റ് ബാധിച്ച 128 ഗ്രാമങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്നും റോഡ്, വൈദ്യുതി ബന്ധം 24 മണിക്കൂറിനകം പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു.
കനത്ത മഴയിൽ ബംഗാളിലും ഒഡിഷയിലുമായി മൂന്ന് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി. റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.