
റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ.; നീക്കത്തെ എതിർത്ത് മുൻ ചെയർമാൻ ജി. മാധവൻ നായർ
തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. തീരുമാനിച്ചു. എസ്.എസ്.എൽ.വി., പി.എസ്.എൽ.വി., എൽ.വി.എം.-3 എന്നീ മൂന്ന് റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഇതിനുള്ള നടപടികൾ തുടങ്ങിയതായി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ഇൻസ്‌പെയസിന്റെ ചെയർമാൻ ഡോ. പവൻകുമാർ ഗോയങ്കെ വ്യക്തമാക്കി.
റോക്കറ്റുകളുടെയും ചെറു ഉപഗ്രഹങ്ങളുടെയും നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ കൈമാറുന്നതോടെ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകളിലുമായിരിക്കും ഐ.എസ്.ആർ.ഒ. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബഹിരാകാശരംഗത്തെ അമിത സ്വകാര്യവത്കരണത്തെ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി. മാധവൻ നായർ എതിർത്തു. സ്വകാര്യ റോക്കറ്റിനെ ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റുമായി താരതമ്യം ചെയ്യരുതെന്നും വിക്ഷേപണകേന്ദ്രങ്ങളുടെ നടത്തിപ്പ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് ഐ.എസ്.ആർ.ഒ.യ്ക്ക് പകരമാകാനാകില്ലെന്നും ഇൻസ്‌പെയസിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് ബഹിരാകാശ നിയമമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് പരാജയങ്ങളുടെ പേരിൽ ഐ.എസ്.ആർ.ഒ.യെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഒഴിവുകൾ നികത്തി സ്ഥാപനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും മാധവൻ നായർ പറഞ്ഞു.
തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമിക്കുന്ന രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തെയും അദ്ദേഹം എതിർത്തു. 986 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ കേന്ദ്രത്തിൽനിന്നായിരിക്കും ചെറുകിട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.
ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനുള്ള എസ്.എസ്.എൽ.വി. റോക്കറ്റിന്റെ സാങ്കേതികവിദ്യ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) നേരത്തെ കൈമാറിയിരുന്നു. എച്ച്.എ.എല്ലും എൽ ആൻഡ് ടി കമ്പനിയും ചേർന്ന കൺസോർഷ്യമാണ് ആദ്യ സ്വകാര്യ പി.എസ്.എൽ.വി. റോക്കറ്റ് നിർമിക്കുന്നത്.
കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള എൽ.വി.എം.-3യുടെ സാങ്കേതികവിദ്യയും കൈമാറാനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആർ.ഒ.
