
ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക് ഏറെ ആശ്വാസമാകുന്നതാണ് ദുബൈയുടെ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ
ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക് ഏറെ ആശ്വാസമാകുന്നതാണ് ദുബൈയുടെ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്‍റെയോ ആവശ്യവുമില്ല. സ്വന്തം പേരിൽ തന്നെ അപേക്ഷിക്കാവുന്ന വിസ സാമ്പത്തിക ചെലവുകളും സാങ്കേതികത്വങ്ങളും ഒഴിവാക്കും.എല്ലാ രാജ്യക്കാർക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ വിസക്ക് അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ താമസിക്കാം. 90 ദിവസം കൂടി നീട്ടാനും അവസരമുണ്ട്. ഒരു വർഷത്തിൽ യുഎഇയിൽ അനുവദിച്ച പരമാവധി താമസ ദിവസം 180 ആണ്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ്–ദുബൈ (ജിഡിഎഫ്ആർഎ ദുബൈ) ആണ് വിസ അനുവദിക്കുന്നത്. അഞ്ച് വർഷത്തിനിടെ എത്ര പ്രാവശ്യം വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനുള്ള അനുമതിയുണ്ട്. ഒരു വർഷത്തിൽ 180 ദിവസത്തിൽ താഴെ യുഎഇയിൽ തങ്ങാൻ പാടുള്ളൂവെന്നതാണ് വ്യവസ്ഥയുള്ളത്. പതിവായി യുഎഇയിലെത്തുന്ന കുടുംബ സന്ദർശകർ, ബിസിനസ് യാത്രക്കാർ, സ്ഥിരം യാത്രക്കാർ തുടങ്ങിയവർക്കും ഈ വിസ ഏറെ ഉപകാരപ്പെടും.
