
അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍ അഫ്‌സല്‍ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാന്‍ – റിഹാന്‍ എന്നിവരാണ് മരിച്ചത്.
പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ കുഞ്ഞുങ്ങള്‍ കുടിച്ചിരുന്നു എന്ന് പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാള്‍ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പിതാവ് അഫ്‌സല്‍ ആണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തും.
എന്നാല്‍ തിന്നര്‍ അകത്ത് ചെന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. അഫ്‌സലിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നു എന്നും പൊലീസ് അറിയിച്ചു. ഒരു കുഞ്ഞിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരു കുഞ്ഞിന്റെ മൃതദേഹം അടിമാലി മോണിങ് സ്റ്റാര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും തിന്നർ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ രണ്ടും ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
