കാലിഫോര്‍ണിയയില്‍ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി: കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ഹൗസില്‍ ആന്‍ മേരി മാത്യു (35), തൃശൂര്‍ മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്ത് കോട്ടയം സ്വദേശിനി അനില ബേബി സാന്താക്ലാര കൗണ്ടി മെയിന്‍ ജയിലിലാണ്.
ആന്‍ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം ഇന്ന് വൈകിട്ടോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം. അഞ്ജനയുടെ മൃതദേഹം പീച്ചിയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചതിനുശേഷം സ്വദേശമായ മുടിക്കോട്ടേയ്ക്ക് കൊണ്ടുപോകും.
കഴിഞ്ഞ ഓഗസ്റ്റ് 28 ന് കാലിഫോര്‍ണിയയിലെ മില്‍പിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ഇളയമകളെ സ്‌കൂളില്‍ നിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിയെ ജേക്കബ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ബാത്ത്റൂമില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനിയും ഭര്‍ത്താവ് ജേക്കബും എട്ട് വര്‍ഷമായി കാലിഫോര്‍ണിയയിലായിരുന്നു താമസം. ആന്‍ഡ്രീന (10), അലീസാ (5) എന്നിവരാണ് മക്കള്‍.
അഞ്ജനയെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കാര്‍ പിന്നീട് നിര്‍ത്താതെ പോയി. അഞ്ജനയും ഭര്‍ത്താവ് വിജീഷും എട്ട് വര്‍ഷമായി കാലിഫോര്‍ണിയയിലായിരുന്നു. വാമിക ഏക മകളാണ്
