
അഭയാർത്ഥികളെ സ്വന്തമല്ലാത്ത മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താം: യുഎസ് സുപ്രീം കോടതി
എസ്സ് എ : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ട്രംപ് ഭരണകൂടത്തിന് സുപ്രധാന നിയമവിജയം. അമേരിക്കയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ അവരുടെ സ്വന്തം നാടുകളിലേക്ക് മാത്രമല്ല, യാതൊരു ബന്ധവുമില്ലാത്ത മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ സുപ്രീം കോടതി അനുമതി നൽകി.
നേരത്തെ കീഴ്ക്കോടതികൾ ഏർപ്പെടുത്തിയിരുന്ന തടസ്സം നീക്കിക്കൊണ്ടാണ് യുഎസ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമപോരാട്ടങ്ങൾ അന്തിമമായി തീർപ്പാക്കുന്നതുവരെ നാടുകടത്തൽ പ്രക്രിയയുമായി ഭരണകൂടത്തിന് തടസ്സമില്ലാതെ മുന്നോട്ടുപോകാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
യുഎസ് സുപ്രീം കോടതിയുടെ ഈ പുതിയ അടിയന്തര ഉത്തരവോടെ, മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളിലേക്ക് തിരികെ അയക്കാൻ യുഎസ് ഇമിഗ്രേഷൻ വിഭാഗത്തിന് സാധിക്കും. കേസിൽ അന്തിമ വാദം കേൾക്കുന്നത് വരാനിരിക്കുന്ന ഡിസംബറിലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ തീരുമാനത്തെ ഭരണകൂടം കാണുന്നത്. ലക്ഷക്കണക്കിന് ആളുകളെ യുഎസിൽ നിന്ന് പുറത്താക്കുക എന്ന ട്രംപിന്റെ വാഗ്ദാനം അതിവേഗം നടപ്പിലാക്കാൻ ഇത് സഹായിക്കും.
എന്നാൽ സ്വന്തം നാടുകളല്ലാത്ത രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളിൽ തങ്ങൾ പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്ന് അവർ കോടതിയിൽ വാദിച്ചു.
