
പാക് വ്യോമപാത വിലക്ക്: ബദലായി ചൈന വഴിയുള്ള പാത പരിഗണിച്ച് ഇന്ത്യ; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ചൈന വഴിയുള്ള ബദല്‍ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. ചൈനയിലെ സിന്‍ജിയാങ് മേഖലയ്ക്ക് മുകളിലൂടെയുള്ള പുതിയ പാതയ്ക്കായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു.
2025 ഏപ്രിലില്‍ ഉണ്ടായ സൈനിക സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ വിമാനങ്ങള്‍ അറബിക്കടലും മസ്‌കറ്റും വഴി വഴിതിരിച്ച് വിടുന്നതിനാല്‍ യാത്രാ സമയത്തില്‍ 45 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ വര്‍ധനവും ഇന്ധനച്ചെലവില്‍ വന്‍ വര്‍ധനവും ഉണ്ടാകുന്നുണ്ട്. പുതിയ പാത യാഥാര്‍ഥ്യമായാല്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ലേ, ഹോട്ടാന്‍, കിര്‍ഗിസ്ഥാന്‍ വഴി യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വേഗത്തില്‍ എത്തിച്ചേരാനാകും
