
യുപിഐ ചാര്‍ജ് ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്
ന്യൂഡല്‍ഹി: യുപിഐ ചാര്‍ജിന്റെ 0.28 ശതമാനം ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്ത 0.4 ശതമാനം എംഡിആര്‍ ചാര്‍ജില്‍ 0.28 ശതമാനം ഒഴിവാക്കുന്നത് പരിഗണിക്കുമെന്നാണ്് ഇന്ത്യന്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്. ഒക്‌ടോബറില്‍ യുപിഐയില്‍ എംഡിആര്‍ ചാര്‍ജ് നിലവില്‍ വരാനിരിക്കുകയാണ്. ഇതിനിടെയാണ് ബാങ്കിന്റെ പ്രഖ്യാപനം.
ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഐ ഇടപാടുകളില്‍ നിലവില്‍ ബാങ്കിന് നേരിട്ട് വരുമാനം ലഭിക്കുന്നില്ലെങ്കിലും, ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ജീവനക്കാരുടെ ആവശ്യകത കുറയ്ക്കാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഒക്ടോബര്‍ 15 മുതല്‍ നിശ്ചിത 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം എം.ഡി.ആര്‍ ചാര്‍ജ് നിലവില്‍ വരാനിരിക്കുകയാണ്. ഇതില്‍ 0.28 ശതമാനം ഉപഭോക്താവിന്റെ ബാങ്കിന് ലഭിക്കുന്ന വിഹിതമാണ്. ഈ 0.28 ശതമാനം ചാര്‍ജ് വ്യാപാരികളില്‍ നിന്ന് ഈടാക്കാതെ ബാങ്ക് തന്നെ വഹിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ് ഇന്ത്യന്‍ ബാങ്ക് വ്യക്തമാക്കുന്നത്. അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡായിരിക്കും എടുക്കുക.ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഉയര്‍ന്ന ഇടപാട് മൂല്യമുള്ള വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ ചാര്‍ജ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുന്ന രീതിയുണ്ട്. സമാനമായ രീതിയില്‍ യുപിഐ ഇടപാടുകളിലും ചാര്‍ജ് ഒഴിവാക്കുന്നതാണ് പരിഗണിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
