റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ പ്ലാന്റ് തകര്‍ന്നു; ഒരു മരണം

0

ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാന്റ് റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. സുമിയിലുള്ള ‘കുസും’ ഫാര്‍മ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണ സംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പ്ലാന്റിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാര്‍മ 2009 മുതല്‍ ഉക്രെയ്‌നിലെ സുമിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. അമ്പതിലധികം ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനി ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആക്രമണത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു

You might also like