
ബരാക് മിസൈൽ സംവിധാനം കരുത്തുറ്റതാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടിയുടെ കരാറൊപ്പിട്ട് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ ബരാക് പ്രതിരോധ മിസൈൽ സംവിധാനം പരിഷ്കരിക്കാൻ ഇസ്രായേലുമായി കരാറിലെത്തി ഇന്ത്യൻ പ്രതിരോധമന്ത്രാലയം. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി 1976.4 കോടിയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
ഇസ്രായേലിലെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളായ ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ചേർന്നാണ് ബരാക് സംവിധാനം വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ ഹാർഡ്വെയറും സോഫ്റ്റ്വെയറും അപ്ഗ്രേഡ് ചെയ്യുന്നതിനും, കാലപ്പഴക്കം പരിഹരിച്ച് സംവിധാനം നവീകരിക്കുന്നതിനുമായാണ് ഈ കരാർ.
