ഇന്ന് ‘ലോക പരിസ്ഥിതിദിനം’
എല്ലാ വർഷവും ജൂൺ 5 ന് ‘ലോക പരിസ്ഥിതിദിനം’ ആചരിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ 1972 ലെ പ്രഖ്യാപനവും ”ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം” എന്ന ഈ വർഷത്തെ ആശയവും, വരാനിരിക്കുന്ന നാളുകളിലെ പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതകളെയാണ് ഓർമ്മപ്പെടുത്തുന്നത്.
ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്.
മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്ഥയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി അശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത
പൂര്‍ണമായ ഉപയോഗത്തിലൂടെയാണ്.
എല്ലാ മനുഷ്യര്‍ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്‍റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്‍പ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്‍റെ കാതല്‍. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിര്‍ത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാനും, പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാദ്ധ്യതങ്ങൾ ആധുനിക സമൂഹം കുറേക്കൂടി ജാഗ്രതയോടെ ഉപയോഗപ്പെടുത്തുന്ന കാലമാണിത്. ജീവിതം ജനാധിപത്യപരമായ തിരഞ്ഞെടുക്കലുകളുടെ ഗണിത ശാസ്ത്രം കൂടിയാകുമ്പോൾ ഭൂമിക്കും, ഭൂമിയുടെ അവകാശികൾക്കും സുരക്ഷയുടെ കവചമൊരുക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാവലും കരുതലും പുതിയകാലം ഇനിയും ആർജ്ജവത്തോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
രണ്ടു പ്രളയങ്ങളുടെയും ഇടവിട്ടുവരുന്ന ചുഴലിക്കാറ്റുകളുടെയും സാഹചര്യത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പരിസ്ഥിതി ദിനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നുണ്ട്. ഈ ഒരു ദിനത്തിൽ ഒതുക്കിയാൽ പരിഹരിക്കാൻ സാധിക്കുന്നതല്ല പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന ഭൂമികയിൽ താമസിക്കുന്ന നമ്മുടെ പ്രകൃതിയോടുള്ള ഉത്തരവാദിത്വം.
അത് നിറവേറ്റാൻ നമുക്ക് കൈകോർക്കാം; ഭൂമിക്ക് കവചമൊരുക്കാം.