കോവിഡ് ബാധിച്ചു മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; സഹായങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ഫൌണ്ടേഷൻ

0

 

മുംബൈ: കോവിഡ് ബാധിച്ചു മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടക്കമുള്ള സഹായങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. വി കെയർ എന്നു പേരുള്ള പദ്ധതിയിലൂടെയാണ് സഹായം. മരണമടഞ്ഞ ജീവനക്കാർ അവസാനം വാങ്ങിയ ശമ്പളം അഞ്ചുവർഷം ആശ്രിതർക്കു നൽകും. അവരുടെ കുട്ടികൾക്ക് ബിരുദം വരെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പാഠപുസ്തകങ്ങൾ എന്നിവയടക്കമുള്ള വിദ്യാഭ്യാസച്ചെലവ് റിലയൻസ് ഫൗണ്ടേഷൻ വഹിക്കും.

ജീവനക്കാരുടെ പങ്കാളികൾ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം റിലയൻസ് അടയ്ക്കും. കുട്ടികൾ ബിരുദതലത്തിലെത്തുംവരെ ഇതു തുടരും. ജീവനക്കാർക്കോ കുടുംബാംഗങ്ങൾക്കോ കോവിഡ് ബാധിച്ചാൽ അവർ ശാരീരികമായും മാനസികമായും പൂർണആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവധി അനുവദിക്കും.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകനുമായ മുകേഷ് അംബാനിയും ഫൗണ്ടേഷൻ ചെയർ പഴ്സൻ നിതാ അംബാനിയും ജീവനക്കാർക്ക് എഴുതിയ കത്തിലാണ് സഹായപദ്ധതി പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലത്ത് ജീവനക്കാർ തനിച്ചാവില്ലെന്നും അവർക്കും കുടുംബത്തിനുമൊപ്പം റിയലൻസ് ഉണ്ടാവുമെന്നും കത്തിൽ ഉറപ്പുനൽകുന്നുണ്ട്.

You might also like