TOP NEWS| ഹസ്തദാനം നൽകിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്
ഫ്രാൻസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്. ദക്ഷിണ ഫ്രാൻസിൽ നടന്ന പരിപാടിയിലാണ് മാക്രോണിനു നേരെ യുവാവിന്റെ കൈയേറ്റശ്രമം.
ദക്ഷിണ കിഴക്കൻ നഗരമായ വാലെൻസിലായിരുന്നു സംഭവം. ഇവിടെ ഔദ്യോഗിക പര്യടനത്തിനെത്തിയ മാക്രോൺ സുരക്ഷയ്ക്കായി സജ്ജീകരിച്ചിരുന്ന ബാരിക്കേഡിനു സമീപത്തെത്തി ആളുകളുമായി സംവദിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ആൾക്കൂട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന യുവാവിന് ഹസ്തദാനം നൽകാൻ ശ്രമിച്ചപ്പോൾ ഇയാൾ തടഞ്ഞുവച്ച് മുഖത്തടിക്കുകയായിരുന്നു. ഇതിനു പിറകെ ‘മാക്രോണിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു യുവാവ്. ഉടൻ മാക്രോൺ സ്ഥലത്തുനിന്ന് മാറി. അക്രമിയെയടക്കം രണ്ടുപേരെ സ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാലെൻസിലെ ഡ്രോമിൽ വിദ്യാർത്ഥികളുമായും റെസ്റ്റോറന്റ് ഉടമകളുമായും കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു മാക്രോൺ. കോവിഡിനുശേഷം ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് നേരിട്ട് ചോദിച്ചു മനസിലാക്കാനായിരുന്നു ഇത്. ഏഴു മാസത്തിനുശേഷം ബാറുകളും റെസ്‌റ്റോറന്റുകളും ഇൻഡോർ ഉപഭോക്താക്കൾക്കു വേണ്ടി വീണ്ടും തുറക്കാനിരിക്കെയായിരുന്നു സന്ദർശനം. ഫ്രാൻസിലെ രാത്രികാല കർഫ്യൂവും നാളെ പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.