വെള്ളപ്പൊക്കം: ശ്രീലങ്കയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി ക്രിസ്തീയ നേതൃത്വം
കൊളംബോ: ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ദുരന്തങ്ങള്‍ക്കിടെ സഹായവുമായി കത്തോലിക്ക സഭ. ദുരിതബാധിത പ്രദേശങ്ങളില്‍ അനുദിനം രണ്ടായിരത്തിലധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തും ദേവാലയത്തിൽ അഭയം ഒരുക്കിയുമാണ് പ്രളയബാധിതര്‍ക്ക് സഭാനേതൃത്വം ആശ്വാസമേകുന്നത്. ബോപിതിയായിലെ സാൻ നിക്കോളാ ഇടവകയിലെ വൈദീകനായ ഫാ. ജയന്ത നിർമ്മലും ഹൻവേലയിലെ സ്വർഗ്ഗാരോപിത മാതാവിന്റെ പള്ളിയിലെ ഇടയനായ ഫാ. ആന്റൺ രഞ്ജിതും, കൊളംബോ അതിരൂപതയിലെ കൊട്ടുഗൊഡായിൽ നിന്നുള്ള സാൻ കജെട്ടാൻ ഇടവകയിലെ സന്യാസിനികളുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
താൻ സന്ദർശിച്ച വീടുകളെല്ലാം തന്നെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നതിനാൽ അത്യാവശ്യമായവരോടു ദേവാലയത്തിൽ അഭയം തേടാൻ ആവശ്യപ്പെട്ടെന്നും ഫാ. നിർമ്മൽ യുസിഎ ന്യൂസിനോട് പറഞ്ഞു. ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2,70,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും എണ്ണൂറിലധികം വീടുകൾ താമസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ സംഘങ്ങളുമായി കൈകോർക്കാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സഭ മുന്നോട്ടു വന്നത്.