കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസ് സുപ്രീം കോടതി റദ്ദാക്കും

0

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ഇന്ത്യയിലെ ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദാക്കും. ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും.

നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികര്‍ക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സ‍ര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.

2012 ഫെബ്രുവരിയില്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് ജൂണ്‍ 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ വിചാരണ നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാം എന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം നേരത്തേ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

You might also like